Friday, June 6, 2008

ഒരു ദിവസം

രാവിലെ ഉറക്കം അഴിച്ചു വെച്ചു
ഇസ്തിരിയിട്ട ചിരിയെടുത്ത്‌മുഖത്ത് പുരട്ടി
മിന്നുവിന്റെ പനി
അലമാരയില്‍ വെച്ചു പൂട്ടി
ഭാര്യയുടെ മുട്ടു വേദന
ഇടതു പോക്കറ്റില്‍ തിരുകി
ഓഫീസിലേക്ക് കടക്കുമ്പോള്
ചിരിപതിച്ച മുഖമെടുത്ത്‌ ഒട്ടിച്ചു
ഫയലുകള്‍ ദഹിക്കാതായപ്പോള്‍
ഭാര്യയോടു എക്സ്ക്യുസിനു
ടിഫിന്‍ ബോക്സില്‍ തലവേദന നിറച്ചു
കാബിന്‍ തിരക്കിന്റെ താഴിട്ടു പൂട്ടി
ഓരോ ഔന്‍സ് വീതം
ചിന്നുവിനെയും മിന്നുവിനെയും ഓര്‍ത്തു
രാത്രി
പതിനാറ് മിനിട്ട് മുപ്പത്തിമൂന്ന് സെക്കന്റ്
ഭാര്യയെ സ്നേഹിച്ചു

പിന്നെ ഡപ്പിയില്‍ നിന്ന് ഉറക്കമെടുത്തു വായിലിട്ടു

യാത്രയ്ക്കു മുമ്പ്

കീറക്കുടയില്‍ നിന്നെക്കൂടി നനയ്ക്കാന്‍
മനസ്സുവരുന്നില്ലെന്ന് കൂട്ടുകാരിക്ക്
യുവത്വം വറ്റിയാല്‍ ഭാരമാകാന്‍ വയ്യെന്ന്
പ്രസ്ഥാനത്തിന്
പ്രതീക്ഷകളുടെ ഭാരം ഇനിയും
താങ്ങുകില്ലെന്നു അച്ഛന്‌
സ്നേഹത്തിന്റെ കുളിര്
ഉള്ളു പോള്ളിക്കുന്നെന്നു അമ്മയ്ക്ക്

ഇനിയും
നിന്നെ ചുമക്കാന്‍ വയ്യെന്ന്
എനിക്ക്